Poems

അന്തിമലരി

അന്തിത്തുടിപ്പു കരിയുന്നു വിണ്മുഖ-
ത്തന്തിമലരി വിരിയുന്നിതുള്ളിലും.
സ്വച്ഛമായെന്റെ കിടക്കയിൽ ചാഞ്ഞൊരു
കൊച്ചുകവിതയെഴുതുകയാണു ഞാൻ.
പൂക്കൾ വിരിയുന്നു,- പാറുന്നു ചുറ്റിലും
പൂമ്പാറ്റക,ളെന്റെ മോഹങ്ങൾ പോലവേ.
എത്രമേലെന്നിൽ ചൊരിയുകയാണിഷ്ട-
മുത്തങ്ങളന്തിക്കതിരുക,ളമ്മയും.
എത്ര മനോഹരം ജീവിതം, സ്നേഹത്തിൻ
മുഗ്ദ്ധമരീചികൾ ദീപ്തമാക്കീടുകിൽ.
എത്രയോ നിർമ്മലം സ്നേഹ,മതിലൊരു
ഹൃത്തടചാരുത പൂത്തുലഞ്ഞീടുകിൽ.

“പൊന്നുമോളെന്താണു ചിന്തിപ്പതെ”ന്നോതി
പിന്നെയുമമ്മ തരുന്നുമ്മ നെറ്റിയിൽ.
എന്തുമധുരമാണുമ്മയെന്നോർത്തു ഞാൻ;
എന്തിനേ കണ്ണീരണിയുന്നു തായയാൾ?
നാളുകൾ മുമ്പെനിക്കുണ്ടായ രോഗമാ-
ണാളുന്നതമ്മ തൻ ഹൃത്തിലസംശയം.
“അമ്മ കരയുന്നതെന്തിനാണിഷ്ടയാം
ഇമ്മകൾ വേഗം സുഖമായി വന്നിടും.
വാർമഴവില്ലുപോലമ്മ ചിരിക്കുകിൽ
തൂമയിൽ മിന്നുമതെന്റെ കവിതയായ്.”
അമ്മ ചിരിച്ചൂ, “വിരിയട്ടെ മൊട്ടുകൾ
പൊന്മകളേ, നിൻ കവിത തൻ വല്ലിയിൽ.”
അമ്മ ചിരിച്ചുവെന്നാലുമക്കണ്ണിണ
അമ്മട്ടു സാഗരമാവുന്നതെന്തിനായ്?
ഒന്നുമശുഭമോർത്തീല ഞാൻ, വിണ്ടലം
എന്നുമൊരമ്പിളിസ്മേരം പൊഴിക്കയാൽ.
പൊന്നുഷസ്സെത്തിപ്പുണരുന്നിടത്തൊരു
പന്നഗദംശനമെന്തിനോർത്തീടണം?

സ്ക്കൂളിലൊട്ടേറെ ദിനങ്ങൾ കാണായ്കയാൽ
തേടിയെൻ ചാരെയ,ന്നെത്തിയോരെൻ സഖി
ഒത്തിരി മൂകയായ് നിന്നു, നിൻ രക്തത്തി-
നിത്തിരിയെന്തോ കുഴപ്പമെന്നോതിനാൾ.
“സാരമില്ലെല്ലാക്കുഴപ്പവും മാറു,”മെ-
ന്നാരമ്യസുസ്മേരമോടെ ഞാൻ ചൊല്കയാൽ
പൂക്കൾ വിരിഞ്ഞൊരക്കൺകളിൽ കണ്ടു ഞാൻ,
ഊഷ്മളസ്നേഹമനോജ്ഞമരീചികൾ.

ഇന്നാളൊരിക്കൽ ചെടികളോടിത്തിരി-
ക്കിന്നാരമോതുവാൻ വാടിയിലെത്തവേ,
കണ്ടു ഞാൻ വെൺപനീർപ്പൂവിന്നിതളുകൾ
കൊണ്ടു പശിയടക്കുന്ന പുഴുക്കളെ.
ഒട്ടു സഹതാപമാർന്നു ഞാൻ - പാവങ്ങൾ
മൊട്ടുകൾ - എന്തായിടാം വിധികല്പിതം?
ആറ്റിൽത്തിരയിൽത്തടിക്കഷണങ്ങൾ പോൽ
കാറ്റിലൊഴുകുന്ന മർമ്മരച്ചീന്തുകൾ,
രണ്ടുനാലെണ്ണം ശ്രവിച്ചു ഞാൻ;- “അർബുദം
കുഞ്ഞിന്റെ രക്തത്തിലെങ്ങനെ വന്നുവോ?”
അങ്ങേപ്പുറത്തെ വല്ല്യമ്മയുരയ്ക്കയാ-
ണങ്ങനെ, വാലിയക്കാരിയോടാർദ്രയായ്.

എന്താണ,-തെന്തൊക്കെയാണെന്നിരിക്കിലും
എന്നെക്കുറിച്ചാണതെന്നറിഞ്ഞന്നു ഞാൻ.
അർബ്ബുദത്തോടു പിണങ്ങീലൊരിക്കലും;
അന്തരാ വന്നതെന്തിന്നു പിണങ്ങുവാൻ?
എന്തിനെന്നെത്രയോ ചോദിക്കിലുമതി-
നന്തിക്കതിരിനും മൗനമാണുത്തരം.
പൂവിന്നിതളിൽ പുഴു പോലെയായിടാം
ആവിർഭവിക്കുന്നതർബുദം,- ഓർത്തു ഞാൻ.
ആയിടാ,മല്ലായിരിക്കാം; പറക്കുവാ-
നേറെയുണ്ടെന്നുടെ ഭാവനയ്ക്കിന്നിയും.
ഏറെപ്പറക്കുവാനുണ്ടതി,ന്നത്രമേൽ
പാറുവാൻ ശക്തി ചിറകിനുണ്ടാവുമോ?
ഏറെ നല്കീടുവാനുണ്ടെനിക്കത്രയും
നേരമെന്നാത്മാവുണർന്നിങ്ങിരിക്കുമോ?
ഒന്നുമറിവീ,ലറിയാതിരിപ്പതിൽ
നിന്നുയിർക്കൊള്ളും കിനാവാണു ജീവിതം.

അക്കിനാവൊന്നു ഞാനക്ഷരമാക്കവേ,
അമ്മ വരുന്നു പിന്നേയും മരുന്നുമായ്.
“എന്തിനി”തെന്നു കുസൃതി ചോദിച്ചു ഞാൻ,
“എന്റെ മോൾക്കേറെ സുഖത്തി”നെന്നമ്മയും.
“അമ്മയെത്തുന്നതിൽ മീതെയേതുണ്ടെനി-
ക്കമ്മേ സുഖ”മെന്നു ചൊല്ലി മരുന്നുകൾ
എല്ലാം കഴിച്ചു മയങ്ങുന്നു ഞാ,-നമ്മ
എന്നരികത്തിരിക്കുന്നു നിശ്ശബ്ദയായ്.
നാളെയെന്തെന്നറിവീ,ലതിനാലെയീ
വേളയെൻ സ്വർഗ്ഗമാ,ണിങ്ങുണരട്ടെ ഞാൻ.

കടലാസുവഞ്ചി

ചിതറിയ കാര്‍മേഘച്ചണ്ടിയെല്ലാം
തുഴയാല്‍ വകഞ്ഞൊട്ടൊതുക്കി മാറ്റി
കതിരിന്‍ കൊതുമ്പുവള്ളത്തിലേറി
കതിരോന്‍ കിഴക്കുവന്നെത്തിയന്നും.
കമനി,യുഷസ്സിന്‍ കരം മുകര്‍ന്നു
കമനീയനീലനഭസ്സിലൂടെ
ദിനകരന്‍ മെല്ലെയകന്നുപോകെ,
മനമവള്‍ക്കാര്‍ദ്രം തുടിച്ചുപോയീ.
അവിടെ വിണ്‍വീട്ടിലവന്റെ ഹൃത്തായ്,
കവിതയായ് കാമിനി കാത്തിരുന്നൂ.
അവളുടെയുള്ളിന്റെയര്‍ച്ചനയാല്‍
അവനതിഭാസുരനായിരുന്നു.
ഇരുളിന്‍തിരകളൊഴിഞ്ഞുപോയി,
ഇരവിന്റെ ശാപവും മാഞ്ഞുപോയീ.
അവളുടെ നെഞ്ചിലെരിഞ്ഞ രാഗം
അവനേകി ജീവന്റെ മന്ദഹാസം.

കടലിനരികിലെക്കുടിലിലന്നും
കനകവെയിലൊളി പാറിയപ്പോള്‍,
കടലാസുവഞ്ചിയാലുണ്ണി വള്ളം-
കളിയിലാമോദിതനായ് ലസിക്കേ,
കരളൊന്നരണ്ട കരിങ്കുരികില്‍-
ക്കദനമായ് പാറിയലഞ്ഞരികില്‍.
കടലാസുവഞ്ചി മെനഞ്ഞ കൈകള്‍
കമലമുകുളമായ് കൂമ്പിനില്ക്കേ,
നിനവില്‍ക്കുരുങ്ങിയ പ്രാര്‍ത്ഥനയിന്‍
നിഴലുകളങ്ങിങ്ങിളകി മെല്ലേ.
ഒഴുകുന്ന കണ്ണുനീര്‍ത്തുള്ളികളാ
മിഴിമുനയിങ്കല്‍ത്തിളങ്ങി നില്ക്കേ,
ഒരുനാളുമോര്‍മ്മയില്‍ കെട്ടുപോകാ-
തെരിയുന്ന തീക്കനലാളി ഹൃത്തില്‍.

ഒരുവര്‍ഷമല്ലോ കഴിഞ്ഞു, കേളി
കരുമനയാല്‍ വിധി ചെയ്തശേഷം.
നീലനീരാളമലങ്കരിക്കും,
നീരദമാലകള്‍ ലാലസിക്കേ,
പുലരിയിലന്നവന്‍ യാത്രയായ-
തുലയിലെരിയുമാ ചിത്തമോര്‍ത്തൂ.
കുറുമുഴിമൊട്ടണിക്കാന്തി തൂകി
നറുമൊഴിക്കൊഞ്ചലുതിര്‍ത്തണഞ്ഞൂ,
മകനവനാശയതൊന്നുമാത്രം-
കടലാസുവഞ്ചി കളിച്ചിടേണം.
“തിരികെ വന്നുണ്ടാക്കി നല്കിടാം ഞാ-
നൊരു കേളിയോടമെന്‍ കണ്മണിക്കായ്,
ഇതിനില്ല ഭേദം, നമുക്കു നാളെ
മതിവരുവോളവും വഞ്ചിമേളം.”
അവനെയെടുത്തണച്ചുമ്മവെച്ചി-
ട്ടടിവെച്ചിടുമ്പോ,ളണഞ്ഞു രാഗം
നിറയും മിഴികളവള്‍ക്കു നേരേ;
നിറയും മിഴികളെക്കണ്ടു ചാരേ.

അമരത്തിരുന്നു തുഴയെറിഞ്ഞും
അലറുന്ന കടലിന്നകമറിഞ്ഞും
അറിയാത്ത ഭാവിയില്‍ മുങ്ങിയെത്താന്‍
അലയെപ്പിളര്‍ന്നവന്‍ യാത്രയാകെ,
കളിവഞ്ചിയല്ലതു, മൃത്യുവിന്‍റെ
വിളിയോടമെന്നവളോര്‍ത്തതില്ല;
കടലാസുവഞ്ചിക്കിനാവുമായി
കടലിലുറങ്ങുമെന്നാളുമെന്നും.
നിറമതി രാവിങ്കലെന്നപോലെ,
നിനവിലെ രാഗവിശുദ്ധിപോലെ,
ഇനിയവനൊരുനാളുമെത്തുകില്ലെ-
ന്നനിലനുമവളോടുരച്ചതില്ല.
അണയുന്ന വിക്ഷോഭമാലകളില്‍
അണയുമാ ദീപമെന്നോതിയില്ല,
അരുമയായെത്തി വിളക്കുവെച്ചോ-
രരുഷിയും,- വിധിയേ ജയിച്ചിടുന്നു.

ഒരുകൊച്ചു പക്ഷി പറന്നണഞ്ഞ-
ത്തരുശാഖയിങ്കലിരുന്നു ദീനം,
കരളിന്‍റെ വീണയില്‍ രാഗവായ്പിന്‍
വിരലുകളാല്‍ വിരചിച്ചു ഗാനം.
അവളുടെ നീലമിഴികളിലാ
വിലപനച്ചുഴികള്‍ തിരിഞ്ഞുചുറ്റി.
അവളുടെയാത്മാവിലാഴ്ന്നിറങ്ങി
വിവശതയേറ്റുമാ വശ്യഗീതം.
അവളൊന്നു നോക്കിയഹര്‍മ്മുഖത്തേ-
യ്ക്കറിയാതെ,യുള്‍വിളിയാര്‍ന്നപോലെ.
മുകരുന്ന ചെങ്കതിര്‍ ചൂഴ്ന്ന വെള്ളി-
മുകിലൊന്നു കാണ്മതുണ്ടൊട്ടു ദൂരെ.
ഒരു മാത്രയവളതില്‍ കണ്ടു രൂപം-
കരളിന്‍റെയുള്ളിലെ സ്നേഹദീപം.
കരമവന്‍ നീട്ടുകയാണു നേരേ,
കളിവഞ്ചിയൊന്നതില്‍ത്തിടുന്നു.
തിരകളില്‍ത്താഴുന്ന ഹൃത്തടത്തിന്‍
ത്വരയായുയര്‍ന്നതാം കേളിയോടം.

എന്താണു കണ്‍കളുരച്ചിടുന്ന-
തെന്നവളങ്ങനെ കേട്ടുനില്ക്കേ,
നിമിഷങ്ങള്‍ മൗനവിമുദ്രിതമായ്,
നിലവെടിഞ്ഞാര്‍ദ്രമായ് സൂര്യചിത്തം.

പോക്കുവെയിലിനൊപ്പം

പോക്കുവെയില്‍നാളമേ,
പോകാമൊരുമിച്ചിനി, നമ്മളൊന്നിച്ചു
പോകാം സുഹൃത്തേ, നമുക്കൊരേ ലക്ഷ്യവും
മാര്‍ഗ്ഗവുമല്ലോ, പ്രയാണം തുടങ്ങുക.

പ്രയാണം തുടങ്ങുക,-
ഒടുക്കം തുടക്കമായ് മാറുന്ന നേരം,
തുടിക്കും മനസ്സും, മനസ്സിലെ നിനവിന്‍റെ-
യുറവു,മുറവില്‍നിന്നിറ്റിറ്റു വീഴും
കനവിന്‍റെ സാന്ത്വനമിഴിനീര്‍ക്കണങ്ങളും,
കരുതലും, കരുതല്‍സ്മരണതന്‍ പഴകിയ
പെരിയപുരാണവുമേന്തി നടന്നിടാം.
പിരിയാതെ നീങ്ങാം സുഹൃത്തേ!

കാണുന്നുവോ, കിഴക്കോട്ടു നിഴലുകള്‍
യമനപാശം പോലെ നീണ്ടു കറുത്തുല-
ഞ്ഞാഞ്ഞു വലിച്ചിടുന്നെന്നെ,- നിന്നേയു,മെ-
ന്നാകിലും സൗമ്യമധുരമാം സുസ്മിതം
വിലസുമാസ്യത്തിലൊട്ടാര്‍ദ്രത തെളിഞ്ഞിടു-
മൊരു നിരഘനിസ്സംഗഭാവമാര്‍ന്നെന്‍ ജ്യേഷ്ഠ-
സഹജനെപ്പോലെ, സ്ഥിതപ്രജ്ഞനായ്, സ്ഥിത-
പ്രേമാവു നീ ചാരെ നില്പൂ,
പോക്കുവെയില്‍നാളമേ,
നിന്‍കരമെന്‍ബലമല്ലോ.

മദ്ധ്യാഹ്നവേള കഴിഞ്ഞുപോയ്,
സുസ്മേരവദനരായ് നാലുമണിപ്പൂക്കള്‍
കണ്‍തുറന്നരിയൊരു സന്ധ്യയെക്കാണുവാന്‍
പ്രഗുണിതോത്സാഹരായ് നില്പൂ.
പകലന്തിയായി, സമയമായ് പോകുവാന്‍,
പോക്കുവെയില്‍നാളമാം നീയും,
പോക്കുയിര്‍നാളമാം ഞാനും.
നമ്മള്‍ക്കു തമ്മില്‍ പറഞ്ഞും സ്മരണയെ
താലോലമാട്ടിയു,മുറക്കെച്ചിരിച്ചും,
ചിലപ്പോള്‍ പരസ്പരം കാണാതെ കണ്ണിലെ-
യാര്‍ദ്രത പതുക്കെത്തുടച്ചും നടക്കാം.
ഏകാന്തര്‍ നമ്മള്‍ രണ്ടാളും.
നമുക്കു പരസ്പരം
ചേര്‍ന്നതകറ്റി മധുരമനോജ്ഞമാ-
മേകഭാവം വിരചിക്കാം.

വഴിയിലെക്കറുകകളെന്തോ കുശലമായ്
മൊഴിയുന്നു നമ്മളോ,ടവരെത്രയോ
നിഷ്കളങ്കര്‍, നിരാശങ്കചിത്തര്‍.
പകരമല്പം സ്നേഹമവരില്‍പ്പകര്‍ന്നും,
പോക്കുവെയിലെങ്കിലു-
മിളംവെയില്‍ പോലേ തിളക്കം പൊഴിച്ചും,
പോക്കുയിരിന്‍റെ നിഷ്കാപട്യസുസ്മിത-
ധാരയുതിര്‍ത്തു കൊ,ണ്ടല്പവുമുള്ളിലെ
ക്ഷീണം, തളര്‍ച്ചയും കാട്ടാതെ,യേറ്റം
പ്രസരോര്‍ജ്ജഭാവം നടിച്ചും, നടപ്പു നാം.
ഈ നടപ്പും നമുക്കീശ്വരന്‍ തന്നോ-
രനുഗ്രഹം, ജീവിതകര്‍മ്മകാണ്ഡത്തിലെ
ആരണ്യയാനം.
മനസ്സിനിഷ്ടം തന-
തായോരു ജീവിതസ്ഥിതി മാത്രമെന്നുമേ.
അല്ലായ്കില്‍ ജീവിതാന്ത്യം വരേയ്ക്കെങ്ങനെ
മുന്നോട്ടു പോവും വിവേകചിന്താശയര്‍?

ഇനി നമ്മള്‍ സൂര്യനെയൊന്നു വണങ്ങുക,
സന്ധ്യതന്‍ തോളില്‍ പിടിച്ചു വടികുത്തി,
കരിമേഘരണഘോഷമുയരവേ,
കതിരവന്‍ പ്രാര്‍ത്ഥനാലയമങ്ങു തിരയുന്നു,
പതിയേ നമുക്കുമങ്ങെത്താം,
ഉയരങ്ങളിലൊരു മന്ദ്രസംഗീതമായ്
ലയതാളവിസ്മയം തീര്‍ത്തൊഴുകീടുമാ
വിമലാത്മവീചികളിലലിയാം,
അതിലലിഞ്ഞസ്തിത്വ-
പഞ്ജരമുപേക്ഷിച്ചൊ-
രദ്വൈതമന്ത്രത്തിലുണരാം,
ഉണര്‍ന്നുണ്മയായൊരു
വെളിച്ചം തെളിക്കാം,
വെളിച്ചമായ് മാറാം,
നടക്കാം, വെയില്‍നാളമേ, മെല്ലേ.