പോക്കുവെയില്‍നാളമേ,
പോകാമൊരുമിച്ചിനി, നമ്മളൊന്നിച്ചു
പോകാം സുഹൃത്തേ, നമുക്കൊരേ ലക്ഷ്യവും
മാര്‍ഗ്ഗവുമല്ലോ, പ്രയാണം തുടങ്ങുക.
പ്രയാണം തുടങ്ങുക,-
ഒടുക്കം തുടക്കമായ് മാറുന്ന നേരം,
തുടിക്കും മനസ്സും, മനസ്സിലെ നിനവിന്റെ-
യുറവു,മുറവില്നിന്നിറ്റിറ്റു വീഴും
കനവിന്റെ സാന്ത്വനമിഴിനീര്ക്കണങ്ങളും,
കരുതലും, കരുതല്സ്മരണതന് പഴകിയ
പെരിയപുരാണവുമേന്തി നടന്നിടാം.
പിരിയാതെ നീങ്ങാം സുഹൃത്തേ!
കാണുന്നുവോ, കിഴക്കോട്ടു നിഴലുകള്‍
യമനപാശം പോലെ നീണ്ടു കറുത്തുല-
ഞ്ഞാഞ്ഞു വലിച്ചിടുന്നെന്നെ,- നിന്നേയു,മെ-
ന്നാകിലും സൗമ്യമധുരമാം സുസ്മിതം
വിലസുമാസ്യത്തിലൊട്ടാര്ദ്രത തെളിഞ്ഞിടു-
മൊരു നിരഘനിസ്സംഗഭാവമാര്ന്നെന് ജ്യേഷ്ഠ-
സഹജനെപ്പോലെ, സ്ഥിതപ്രജ്ഞനായ്, സ്ഥിത-
പ്രേമാവു നീ ചാരെ നില്പൂ,
പോക്കുവെയില്‍നാളമേ,
നിന്കരമെന്ബലമല്ലോ.
മദ്ധ്യാഹ്നവേള കഴിഞ്ഞുപോയ്,
സുസ്മേരവദനരായ് നാലുമണിപ്പൂക്കള്‍
കണ്തുറന്നരിയൊരു സന്ധ്യയെക്കാണുവാന്
പ്രഗുണിതോത്സാഹരായ് നില്പൂ.
പകലന്തിയായി, സമയമായ് പോകുവാന്‍,
പോക്കുവെയില്നാളമാം നീയും,
പോക്കുയിര്നാളമാം ഞാനും.
നമ്മള്‍ക്കു തമ്മില്‍ പറഞ്ഞും സ്മരണയെ
താലോലമാട്ടിയു,മുറക്കെച്ചിരിച്ചും,
ചിലപ്പോള്‍ പരസ്പരം കാണാതെ കണ്ണിലെ-
യാര്‍ദ്രത പതുക്കെത്തുടച്ചും നടക്കാം.
ഏകാന്തര്‍ നമ്മള് രണ്ടാളും.
നമുക്കു പരസ്പരം
ചേര്ന്നതകറ്റി മധുരമനോജ്ഞമാ-
മേകഭാവം വിരചിക്കാം.
വഴിയിലെക്കറുകകളെന്തോ കുശലമായ്
മൊഴിയുന്നു നമ്മളോ,ടവരെത്രയോ
നിഷ്കളങ്കര്‍, നിരാശങ്കചിത്തര്.
പകരമല്പം സ്നേഹമവരില്പ്പകര്ന്നും,
പോക്കുവെയിലെങ്കിലു-
മിളംവെയില് പോലേ തിളക്കം പൊഴിച്ചും,
പോക്കുയിരിന്റെ നിഷ്കാപട്യസുസ്മിത-
ധാരയുതിര്ത്തു കൊ,ണ്ടല്പവുമുള്ളിലെ
ക്ഷീണം, തളര്‍ച്ചയും കാട്ടാതെ,യേറ്റം
പ്രസരോര്ജ്ജഭാവം നടിച്ചും, നടപ്പു നാം.
ഈ നടപ്പും നമുക്കീശ്വരന്‍ തന്നോ-
രനുഗ്രഹം, ജീവിതകര്മ്മകാണ്ഡത്തിലെ
ആരണ്യയാനം.
മനസ്സിനിഷ്ടം തന-
തായോരു ജീവിതസ്ഥിതി മാത്രമെന്നുമേ.
അല്ലായ്കില് ജീവിതാന്ത്യം വരേയ്ക്കെങ്ങനെ
മുന്നോട്ടു പോവും വിവേകചിന്താശയര്?
ഇനി നമ്മള് സൂര്യനെയൊന്നു വണങ്ങുക,
സന്ധ്യതന്‍ തോളില്‍ പിടിച്ചു വടികുത്തി,
കരിമേഘരണഘോഷമുയരവേ,
കതിരവന്‍ പ്രാര്ത്ഥനാലയമങ്ങു തിരയുന്നു,
പതിയേ നമുക്കുമങ്ങെത്താം,
ഉയരങ്ങളിലൊരു മന്ദ്രസംഗീതമായ്
ലയതാളവിസ്മയം തീര്ത്തൊഴുകീടുമാ
വിമലാത്മവീചികളിലലിയാം,
അതിലലിഞ്ഞസ്തിത്വ-
പഞ്ജരമുപേക്ഷിച്ചൊ-
രദ്വൈതമന്ത്രത്തിലുണരാം,
ഉണര്ന്നുണ്മയായൊരു
വെളിച്ചം തെളിക്കാം,
വെളിച്ചമായ് മാറാം,
നടക്കാം, വെയില്‍നാളമേ, മെല്ലേ.