(കുങ്കുമം മാസിക, ജനുവരി 2015 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

എന്താണു കവിത? എന്തുകൊണ്ട് അതു ഭാഷയുണ്ടായ കാലം തൊട്ടു മനുഷ്യഹൃദയത്തിന്‍റെ സാന്ത്വനമായി നിലനില്ക്കുന്നു? അതിനു സാര്‍വ്വത്രികമായ(എല്ലാവരും അംഗീകരിക്കുന്ന) ഒരു നിര്‍വ്വചനം സാദ്ധ്യമാണോ?

കവിതയുടെ കലാപരമായ സങ്കീര്‍ണ്ണത മൂലം അതു ഓരോ വ്യക്തിയിലും ഓരോ തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്. ചിലരെ അതിന്‍റെ അര്‍ത്ഥതലങ്ങള്‍ ആകര്‍ഷിക്കുമ്പോള്‍ ചിലര്‍ക്ക് അതു ഭാവപരമോ, ഭാവനാപരമോ ആയ സംവേദനാത്മകതയാണ്. മറ്റുചിലരെ അതിന്‍റെ താളവും ലയവും ആകര്‍ഷിക്കുന്നു. ഇനിയും ചിലര്‍ അതില്‍ നാട്യസൗന്ദര്യം ദര്‍ശിക്കുന്നു(ചങ്ങന്പുഴയുടെ ‘കാവ്യനര്‍ത്തകി’ ഓര്‍ക്കുക). ഇതെല്ലാം ശരിയാണ്, തെറ്റുമാണ്.

കവിതയെ സംബന്ധിച്ച മൗലികമായ സത്യം അത് പൂര്‍ണ്ണത്വത്തിലേയ്ക്കുള്ള ഒരു സ്വപ്നാടനമാണെന്നുള്ളതാണ്. ആ പൂര്‍ണ്ണത്വം സൗന്ദര്യമാകാം, നന്മയാകാം, നീതിയാകാം, സത്യമാകാം, ഭാവപരമോ വൈകാരികമോ ആയ ഔന്നത്യമാകാം; അതു മനുഷ്യനിര്‍മ്മിതമോ പ്രകൃതിനിര്‍മ്മിതമോ ആയി നാം നിരന്തരം അനുഭവിക്കുന്ന വികലയാഥാര്‍ത്ഥ്യത്തിനു മുകളിലുള്ള സങ്കല്പമായിരിക്കണമെന്നു മാത്രം. കവിത, ആത്മാവിനെ ഉയരങ്ങളിലേക്ക് ഒരു തീര്‍ത്ഥാടനത്തിനോ സ്വപ്നാടനത്തിനോ കൊണ്ടു പോവുന്ന സങ്കല്പത്തേരാണ്. എന്നാല്‍ മാത്രമേ, അത് ആശ്വാസദായകമാവൂ, ആനന്ദസന്ദായകമാവൂ.

അതുകൊണ്ടുതന്നെ, സഹൃദയരല്ലാത്തവര്‍ക്ക് അപ്രാപ്യമാണ് കവിതയുടെ ലോകം. സഹൃദയനല്ലാത്തവന്‍ എന്നാല്‍ പൂര്‍ണ്ണതയും സൗന്ദര്യവും സങ്കല്പിക്കാന്‍ കഴിയാത്തവനെന്നോ, അല്ലെങ്കില്‍ അപൂര്‍ണ്ണതയും വികലതയും സൃഷ്ടിക്കുകയും സ്വകീയതുഷ്ടിക്ക് അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സ്വയംതൃപ്തനെന്നോ, അതുമല്ലെങ്കില്‍, സ്വയം കണ്ണടച്ച് ഇരുട്ടാക്കി അതില്‍ നിന്ന് രക്ഷപെട്ടുവെന്ന് കരുതുന്നവനെന്നോ അര്‍ത്ഥമാക്കാവുന്നതാണ്.

കവിതയ്ക്ക് യാതൊരു ലക്ഷ്യവുമില്ലെന്നു വാദിക്കുന്നവരുണ്ട്. ഒരു നിരര്‍ത്ഥകപ്രലപനം പോലെ വ്യര്‍ത്ഥമാണത്തരം കവിതകള്‍. കവിത യാഥാര്‍ത്ഥ്യത്തിന്‍റെ ദര്‍പ്പണമാണെന്നു കരുതുന്നവരുണ്ട്. ആ കണ്ണാടിയില്‍ നിന്ന് പ്രതിഫലിപ്പിക്കപ്പെടുന്ന കിരണങ്ങള്‍ പ്രകാശമാനമാണെങ്കില്‍ അത്രമാത്രം അത് ശരിയുമാണ്. നല്ല കവിത സൂര്യനെപ്പോലുള്ള ഊര്‍ജ്ജസ്രോതസ്സാണ്- ആത്മാവിന്‍റെ ഊര്‍ജ്ജസ്രോതസ്സ്.