മാറുകയാണെപ്പോഴും ലോകമെന്‍ ചുറ്റും, ഞാനീ
മായികചലച്ചിത്രം കണ്ടിരിക്കുന്നൂ ചിത്രം.

ഇന്നലെപ്പുലര്‍ച്ചെ ഞാന്‍ കണ്‍ചിമ്മിയുണര്‍ന്നപ്പോള്‍,
തെന്നലെന്‍ കാതില്‍ മെല്ലെ കിന്നാരം പറഞ്ഞല്ലോ.

തൊടിയില്‍ ചിരിക്കുന്ന തുമ്പകളെന്നാത്മാവില്‍,
തൊടുവാന്‍ നൈര്‍മ്മല്യക്കൂട്ടൊരുക്കി വിളിച്ചല്ലോ.

കിളികള്‍ പറന്നെത്തും തേന്മാവിന്‍ കൊമ്പില്‍ നിന്നും
കിനിയും കനികള്‍ക്കായ് കാത്തു ഞാനിരുന്നല്ലോ.

മുത്തശ്ശിക്കഥകള്‍ തന്‍ മായികലോകത്തില്‍ ഞാന്‍
മുഗ്ദ്ധനായ് സങ്കല്‍പ്പത്തേരോടിച്ചു രമിച്ചല്ലോ.

പാറി വന്നെനിക്കൊരു കൂട്ടിനായ് പൊന്‍തുമ്പികള്‍,
പ്രാണനില്‍ത്തഴുകിപ്പോയ് വിണ്ണിന്‍റെ വിശുദ്ധികള്‍.

സമയം കളിക്കൂട്ടിനെത്തിയെന്നൊപ്പം, മെല്ലേ
സരസം നടന്നും ചെറ്റോടിയും നിന്നും ചാരെ.

വിണ്ടലവിതാനത്തെ, താരകപ്പൂവാടിയെ,
വിസ്മയം കൂറും കണ്ണാല്‍ നിത്യവും സമീക്ഷിച്ചേന്‍.

മേഘനിര്‍ഘോഷാരവം, മഴ തന്‍ കിന്നാരവും
മോദിതകേകീനൃത്തമേളവും ശ്രവിച്ചു ഞാന്‍.

ലോകമിന്നെന്‍ചുറ്റിലും മാറി, യെന്നിതേ വിധം
ആകവേ രൂപാന്തരം വന്നതെന്നറിവീലാ.

എന്‍മനോവേഗം കൂടി, സമയം കുതിച്ചുപാ-
ഞ്ഞെങ്ങുപോയ്, പിറകെ ഞാന്‍ വെമ്പലാര്‍ന്നന്വേഷിപ്പൂ.

മൂല്യസംഹിത മാറ്റിയെഴുതീട്ടതിന്‍പടി
മൂല്യവര്‍ദ്ധനയ്ക്കായി ജീവിതം യത്നിക്കവേ,

ലോകമൊക്കെയും മാറി,യെന്‍റെ ചുറ്റിലും, യന്ത്ര-
ലോകമാണിരമ്പുന്നതെങ്ങു,മെന്നാത്മാവിലും.

ആരവഘോഷം വായ്ക്കുന്നേവമെന്നാലും ഞാനീ-
നേരറിയുന്നൂ, മാറ്റം മാത്രമാണല്ലോ സ്ഥിരം.

മാറിയതെന്നാല്‍ ഞാനാണെന്‍ മനോപ്രപഞ്ചം, ഹാ-
മാറിയെമ്പാടും, ലോകം മാറിയതല്പം മാത്രം.

കാലത്തിന്‍ കലാശില്പചാതുരി,യരങ്ങേറും
കാലൊച്ച കേള്‍ക്കുന്നീലേ, മര്‍ത്ത്യമാനസങ്ങളില്‍?

മാറ്റത്തിന്‍ പരീക്ഷണശാലകള്‍, പ്രപഞ്ചത്തില്‍
മാറ്റൊലിക്കൊളളും ജീവചൈതന്യത്തുടിപ്പുകള്‍,

മാറുന്നൂ നിരന്തരം മാനവമനസ്സുകള്‍,
മായികലോകം മാറുന്നെന്നഹോ, നിനയ്ക്കുന്നൂ.

മരണത്തോളം നീളും മാറ്റമാണിജ്ജീവിതം,
മനസ്സില്‍ ജീവിക്കുന്ന വിസ്മയമാണീ ലോകം.

ഇന്നലെയിന്നായ് പിന്നെ നാളെയായ് മാറും മന-
സ്സിന്നക,ത്തിജ്ജീവിതം തെളിഞ്ഞു മറയുന്നൂ.

മാറ്റമൊരാപേക്ഷികദൃശ്യവിസ്മയം, വാഴ്‌വില്‍
മാറിടാവെളിച്ചത്തെയാണു ഞാനന്വേഷിപ്പൂ.