കൂടെ വന്നുപിറന്നെനിക്കൊപ്പമായ്
കൂട്ടിനെന്നും ചരിക്കുന്നിതൊപ്പമായ്,
കൂടെ വീണു മരിക്കുമെന്‍ ചാരെ,യീ-
കൂറെഴും നഭസ്സെന്‍റെ സഹജനാം.

വെണ്മയാര്‍ന്നൊരു വെള്ളിലപ്പൂവുപോ-
ലെന്മനസ്സില്‍ വിരിഞ്ഞവന്‍, എന്നുമെന്‍
കുഞ്ഞുപൂച്ചയായ് കൂടെക്കളിച്ചെന്‍റെ
നെഞ്ഞുചേര്‍ന്നു കിടന്നുമയങ്ങിയോന്‍.

സ്വര്‍ണ്ണവര്‍ണ്ണക്കതിര്‍ക്കരയാര്‍ന്ന വെണ്‍-
കിണ്ണമായ് വേഷമിട്ടുവന്നെത്തിയോന്‍,
കിങ്ങിണിക്കൊലുസ്സിട്ട കുടയായി-
ത്തങ്ങിയെന്നുള്ളിലുത്സവം തീര്‍ത്തവന്‍.

കുഞ്ഞുപെന്‍സില്‍ വഴിയില്‍ കളഞ്ഞുപോയ്
പിഞ്ഞുമുള്ളില്‍ മഴയായ് കരഞ്ഞവന്‍,
പിന്നെ വര്‍ണ്ണമയില്‍പ്പീലി നേടിയോ-
രെന്നിലന്നിളം വെയ്‌ലായ് ചിരിച്ചവന്‍.

കൊച്ചുപാവാട ചുറ്റിത്തിരിഞ്ഞിടും
കാല്‍ത്തളക്കിലുക്കങ്ങളില്‍ വെണ്മതി
കണ്ണിലന്നു വിരിഞ്ഞുനിന്നീടവേ,
വെണ്ണിലാവായ് പിയൂഷം തുളിച്ചവന്‍.

ഹൃത്തിലന്നു വസന്തം വിടര്‍ത്തിവ-
ന്നെത്തിയോരു കിനാവിനു ചാര്‍ത്തിടും
മാലിക കൊരുത്തീടുവാന്‍ താരകാ-
മാലതിപ്പൂക്കളന്നെനിക്കേകിയോന്‍.

തന്നൊടൊത്തു വളരുവാന്‍ വെമ്പിടു-
മെന്നൊടാ മഹാതത്വമോതീടുവാന്‍
കോടിയക്ഷരനക്ഷത്രപുസ്തക-
വീടെനിക്കായൊരുക്കിവിളിച്ചവന്‍.

എന്‍റെ നാടകം തീരുന്ന വേളയി-
ലെന്‍റെ കൂടെച്ചിതയില്‍കിടക്കുവോന്‍,
എന്‍കണികകള്‍ സംലയിപ്പിക്കുവോ-
നെന്‍റെയാകാശ,മൊന്നല്ലി നാം സഖേ!